സൗദി അറേബ്യയിലെ പ്രിലിമിനറി, കെ.ജി സ്കൂളുകളിലെ 35 ലക്ഷം വിദ്യാർഥികൾ രണ്ട് വർഷത്തിന് ശേഷം ഇന്ന് സ്കൂളിലെത്തുന്നു. എന്നാൽ ഇന്ത്യൻ സ്കൂളുകളിൽ പലതും തുറക്കില്ല. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ രക്ഷിതാക്കളുടെ നിലപാടും ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകൾ ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രയാസവുമാണ് പല സ്കൂളുകളെയും ഇക്കാര്യത്തിൽ പിന്നോട്ട് വലിക്കുന്നത്.
സൗദിയിലെ എല്ലാ സ്കൂളുകളിലും കെ.ജി, പ്രിലിമിനറി വിഭാഗങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്കൂളുകളിലെ പല വിദ്യാർഥികളും ഇപ്പോഴും നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല. ചില സ്കൂളുകളിലെ വിദ്യാർഥികളിൽ 50 ശതമാനം പേർ മാത്രമേ സൗദിയിലെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം നാട്ടിലാണ്. അതിനാൽ ഇപ്പോഴും ഓൺലൈൻ ക്ലാസ് ഒഴിവാക്കാനാവില്ല. ഓഫ് ലൈൻ ക്ലാസ് തുടങ്ങിയാൽ തന്നെ ഓൺലൈൻ ക്ലാസ് ഒഴിവാക്കാനുമാകില്ല. എന്നാൽ ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകൾ ഒന്നിച്ചുകൊണ്ടുപോകൽ പല സ്കുളുകൾക്കും പ്രയാസവുമാണ്.
സൗദിയിൽ പതിമൂന്നായിരത്തോളം പ്രിലിമിനറി സ്കൂളുകളും 4800 കെ.ജി സ്കൂളുകളുമുണ്ട്. കുട്ടികളെ സ്വാഗതം ചെയ്ത് ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുകയാണ് സ്കൂൾ അധികൃതർ. സ്കൂളുകളുടെ പ്രവർത്തന രീതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ സർക്കുലർ അയച്ചിരുന്നു.