സ്വകാര്യ മേഖല ജീവനക്കാരെ അസുഖം മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് നിയന്ത്രണമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന രോഗാവധി തീരുന്നതിനു മുമ്പായി ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ പാടില്ല. സ്വകാര്യ മേഖല തൊഴിലാളിക്ക് വർഷത്തിൽ 30 ദിവസം പൂർണ വേതനത്തോടെ രോഗാവധിക്ക് അവകാശമുണ്ട്. തുടർന്നുള്ള 60 ദിവസം മൂന്നിലൊന്ന് വേതനത്തോടെ രോഗാവധി പ്രയോജനപ്പെടുത്താനും തൊഴിലാളിക്ക് അവകാശമുണ്ട്. തുടർന്നുള്ള 30 ദിവസം വേതനരഹിത അവധിയും പ്രയോജനപ്പെടുത്താൻ നിയമം അവകാശം നൽകുന്നു. വാർഷികാവധി രോഗാവധിയുമായി കൂട്ടിച്ചേർക്കുന്നതിന് ആവശ്യപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. വാർഷിക അവധിക്കിടെയാണ് രോഗാവധി വരുന്നതെങ്കിൽ രോഗാവധി അവസാനിക്കുന്നതു വരെ വാർഷിക അവധി കണക്കാക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ രോഗാവധി അവസാനിച്ച ശേഷമാണ് വാർഷികാവധി പുനരാരംഭിക്കുക. രോഗാവധിക്കിടെയുള്ള വാരാന്ത്യ അവധികൾക്ക് തൊഴിലാളിക്ക് കോംപൻസേഷൻ ലഭിക്കില്ല. തൊഴിൽ പരിക്കേൽക്കുകയും ഇതുമൂലം താൽക്കാലിക വൈകല്യം സംഭവിക്കുകയും ചെയ്താൽ 60 ദിവസത്തെ വേതനത്തിന് തുല്യമായ ധനസഹായത്തിന് തൊഴിലാളിക്ക് അവകാശമുണ്ട്. ഇതിനു ശേഷം ചികിത്സക്ക് എടുക്കുന്ന കാലം മുഴുവൻ വേതനത്തിന്റെ 75 ശതമാനത്തിന് തുല്യമായ ധനസഹായത്തിനും തൊഴിലാളിക്ക് അവകാശമുണ്ട്. ചികിത്സക്ക് ഒരു വർഷമെടുക്കുകയോ, രോഗം ഭേദമാകില്ലെന്നോ ആരോഗ്യ സ്ഥിതി മൂലം ജോലി നിർവഹിക്കാൻ സാധിക്കില്ലെന്നോ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുകയോ ചെയ്യുന്ന പക്ഷം തൊഴിൽ പരിക്ക് പൂർണ വൈകല്യമായി കണക്കാക്കി തൊഴിൽ കരാർ അവസാനിക്കുകയും പരിക്കിന് നഷ്ടപരിഹാരം നൽകുകയും ചെയ്യും. ആ വർഷത്തിനിടെ തൊഴിലാളിക്ക് വിതരണം ചെയ്ത തുക തിരികെ ഈടാക്കാൻ ഇത്തരം സാഹചര്യങ്ങളിൽ തൊഴിലുടമക്ക് അവകാശമില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.