റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്ത ആശ്രിതര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ രക്ഷകര്‍ത്താവിന്റെ അക്കൗണ്ടില്‍ തുടരുന്ന പക്ഷം അബ്ശിറിലെ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തി ഇവരെ ആശ്രിതരുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും.
റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്ത വിദേശികള്‍ക്ക് സൗദിയില്‍ മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തും. പഴയ അതേ തൊഴിലുടമയുടെ അടുത്തേക്ക് പുതിയ തൊഴില്‍ വിസയില്‍ തിരിച്ചെത്തുന്നതിന് ഈ വിലക്ക് ബാധകമല്ല. റീ-എന്‍ട്രി വിസാ കാലാവധി അവസാനിച്ച ശേഷമാണ് പ്രവേശന വിലക്ക് കാലം കണക്കാക്കുക. ഇത് ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനത്തിലാണ് കണക്കാക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്ത വിദേശികളെ വിസാ കാലാവധി അവസാനിച്ച് രണ്ടു മാസത്തിനു ശേഷം ഓട്ടോമാറ്റിക് രീതിയില്‍ റീ-എന്‍ട്രിയില്‍ രാജ്യം വിട്ട് തിരിച്ചുവരാത്തവര്‍ എന്നോണം സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യും. ഇതിന് മുന്‍കാലത്തെ പോലെ ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് പറഞ്ഞു.