ട്വിറ്ററിൽ റെക്കോർഡ് നേടി വിശുദ്ധ റമദാൻ മാസത്തെ കുറിച്ചുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ട്വീറ്റ്. റമദാനെ വരവേറ്റ് സൽമാൻ രാജാവ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് റമദാനെ കുറിച്ചുള്ള ട്വീറ്റിൽ ഏറ്റവും അധികം ഇന്ററാക്ഷൻ നേടിയതെന്ന് ട്വിറ്ററർ അധികൃതർ വ്യക്തമാക്കി.
47 മില്യൻ ട്വീറ്റുകളാണ് റമദാനെ കുറിച്ചു മാത്രം ഈ മാസം ഉണ്ടായതെന്നും ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വർധനവാണെന്നും അധികൃതർ വ്യക്തമാക്കി. ചില പ്രത്യേക വിഷയങ്ങളിലുള്ള ട്വീറ്റുകളുടെ വിശദാംശങ്ങൽ അധികൃതർ പുറത്തുവിടാറുണ്ട്. ഇതിന്റെ ഭാഗമായാണ് മധ്യ പൗരസ്ത്യ ദേശത്തെയും നോർത്ത് ആഫ്രിക്കയിലേയും റമദാൻ ട്വീറ്റിന്റെ കണക്ക് അധികൃതർ പുറത്ത് വിട്ടത്. വിശ്വാസം, ആത്മീയത, ഭക്ഷണം തുടങ്ങിയവയാണ് പ്രധാനമായും ട്വീറ്റിന്റെ ഉള്ളടക്കം.
റമദാൻ ട്വീറ്റിൽ മുന്നിലുള്ളത് സൗദിയാണ്. തുടർന്ന് ഈജിപ്ത്, കുവൈത്ത്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ്. റമദാനെ കുറിച്ച് ചില കായിക താരങ്ങളുടെ ട്വീറ്റും വൈറലായിട്ടുണ്ടെന്ന് ട്വിറ്റർ അധികൃതർ പറയുന്നു. പ്രവാചകന് സ്വലാത്ത് ചൊല്ലുന്ന ട്വീറ്റുകളുടെ എണ്ണം നാല് മില്യനാണെന്നും പള്ളിയുടേയും കൈ ഉയർത്തുന്നതിന്റേയും ചന്ദ്രക്കലയുടേയും ചിത്രങ്ങളുമാണ് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടതെന്നും അധികൃതർ വ്യക്തിമാക്കി.