ലൂസിഡ് ഫാക്ടറി സൗദിയിൽ സ്ഥാപിക്കുന്നത് ആകെ 1230 കോടി റിയാൽ നിക്ഷേപത്തോടെയാണെന്ന് നിക്ഷേപ മന്ത്രാലയം. പ്രതിവർഷം 1,55,000 ഇലക്ട്രിക് കാറുകളാണ് റാബിഗ് ലൂസിഡ് ഫാക്ടറിയിൽ ഉൽപാദിപ്പിക്കുക. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനും സൗദി യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും സഹായിക്കുന്ന ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള രാജ്യത്തിന്റെ ശക്തമായ പ്രതിബദ്ധതയാണ് സൗദിയിൽ ഇലക്ട്രിക് കാർ വ്യവസായം വികസിപ്പിക്കുന്നതിന്റെ തുടക്കം പ്രതിഫലിപ്പിക്കുന്നതെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഹരിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും കാർബൺ ബഹിർഗമനം കുറക്കാനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു. 2060 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.