ലോകത്തിന്റെ രുചി വൈവിധ്യം ഒരു കുടക്കീഴിൽ ഒത്തു ചേരുന്ന ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗൾഫൂഡ് 2022 യു എ ഇ യിലെ ട്രേഡ് സെന്ററിൽ ആരംഭിച്ചു. യുഎഇയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടി സ്വാധീനം ചെലുത്തുന്ന രീതിയിൽ ഭക്ഷ്യ വ്യവസായ രംഗത്തെ വമ്പൻമാരെല്ലാം ഒത്തുകൂടുന്ന മേളയാണ് ഗൾഫൂഡ്. 185 രാജ്യങ്ങളിൽ നിന്ന് നാലായിരത്തിലധികം വിതരണ കമ്പനികൾ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. റഷ്യയും ഉക്രയിനും നേർക്കുനേർ നിൽക്കുകയും എണ്ണവില ഇനിയും കുതിക്കാനുള്ള സാഹചര്യം നിലനിൽക്കുകയും ചെയ്യുമ്പോൾ ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും നടപടികൾക്കും പ്രസക്തി ഏറെയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മേളയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഈ മാസം 17വരെ മേള തുടരും.