ലോകത്തെ ഏറ്റവും വലുതും മധ്യപൗരസ്ത്യദേശത്തെ ആദ്യത്തേതുമായ വെര്‍ച്വല്‍ ആശുപത്രി റിയാദില്‍ സൗദി ആരോഗ്യമന്ത്രി ഡോ. ഫഹദ് അല്‍ജലാജില്‍, ഐടി മന്ത്രി എഞ്ചി അബ്ദുല്ല അല്‍സവാഹ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സൗദിയിലെ ഏതെങ്കിലും ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ആയി കണ്‍സെല്‍ട്ടേഷനും ചികിത്സയും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. മികച്ച കണ്‍സെല്‍ട്ടന്റുകളും സ്‌പെഷ്യലിസ്റ്റുകളും ആരോഗ്യപ്രവര്‍ത്തകരും അപൂര്‍വ രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യലിസ്റ്റുകളും ആശുപത്രിയുടെ ഭാഗമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സൗദി പൗരന്മാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.