ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റുകൾ അനുവദിക്കുന്ന സേവനം ആരംഭിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. സൗദി അറേബ്യയുടെ ചിഹ്നമായ രണ്ടു വാളുകളും ഈത്തപ്പനയും (കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലും), വിഷൻ 2030 പദ്ധതി ലോഗോ, മദായിൻ സ്വാലിഹ്, ദിർഇയ ഫോട്ടോകൾ എന്നീ അഞ്ചു ലോഗോകൾ അടങ്ങിയ നമ്പർ പ്ലേറ്റുകളാണ് അനുവദിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ ട്രാഫിക് ഡയറക്ടറേറ്റ് സേവനങ്ങൾ എന്ന ഐക്കൺ തെരഞ്ഞെടുത്താണ് വ്യതിരിക്തമായ ലോഗോകൾ അടങ്ങിയ നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷ നൽകേണ്ടത്. അഞ്ചു ലോഗോകളിൽ നിന്ന് ഇഷ്ടപ്പെട്ട ലോഗോ തെരഞ്ഞെടുത്താണ് നമ്പർ പ്ലേറ്റ് മാറ്റി ഇഷ്ട ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അനുവദിക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന് ഒറ്റത്തവണയായി 800 റിയാൽ ഫീസ് നൽകേണ്ടതുണ്ട്.