ഈ വർഷത്തെ ഹജിന് വിദേശങ്ങളിൽ നിന്ന് വരുന്ന തീർഥാടകർക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകൾ സൗദിയിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളെയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഹജ് യാത്രക്കാരുടെ പ്രായം 65 ൽ കുറവായിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടെ ശേഖരിച്ച സാമ്പിളിൽ നടത്തിയ പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾ ഹജ് യാത്രക്കാരെ സൗദിയിലേക്ക് കൊണ്ടുവരുന്ന വിമാന കമ്പനികൾ നിർബന്ധമായും പാലിക്കണം.
ഇത് ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും നിയമ ലംഘനങ്ങൾ മൂലമുള്ള പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.