ഒരു വർഷത്തിനുള്ളിൽ ഉംറ വിസകളിൽ രാജ്യത്തെത്തി ഉംറ കർമം നിർവഹിക്കുന്നതിന് വിദേശങ്ങളിൽ നിന്നുള്ളവർക്ക് പരമാവധി പരിധിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വർഷത്തിൽ എത്ര തവണ വേണമെങ്കിലും വിദേശികൾക്ക് ഉംറ വിസയിൽ രാജ്യത്ത് പ്രവേശിച്ച് ഉംറ നിർവഹിക്കാം. സൗദിയിലെ ഏതു എയർപോർട്ടുകൾ വഴിയും വിദേശ ഉംറ തീർഥാടർക്ക് രാജ്യത്ത് പ്രവേശിക്കാവുന്നതും സൗദി അറേബ്യ വിടാവുന്നതുമാണ്.
ജിദ്ദ എയർപോർട്ട് വഴി വിദേശ തീർഥാടകർ സൗദിയിൽ പ്രവേശിക്കണമെന്ന് വ്യവസ്ഥയില്ല. ഉംറ കർമം നിർവഹിക്കാൻ ഇഅ്തമർനാ ആപ് വഴി ബുക്ക് ചെയ്ത് പെർമിറ്റ് നേടൽ നിർബന്ധമാണ്. ഉംറ പെർമിറ്റിന് ബുക്ക് ചെയ്യുന്നവർ കോവിഡ് ബാധിതരോ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഉംറ പെർമിറ്റ് അനുവദിച്ച ശേഷം കോവിഡ്ബാധ സ്ഥിരീകരിക്കുകയോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതായി വ്യക്തമാവുകയോ ചെയ്താൽ പെർമിറ്റ് റദ്ദാക്കും.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഹജ്, ഉംറ മന്ത്രാലയം വികസിപ്പിച്ച ഇ-പ്ലാറ്റ്ഫോമുകൾ വഴി ലോകത്തെവിടെ നിന്നുമുള്ള വിശ്വാസികൾക്ക് തങ്ങൾക്ക് അനുയോജ്യമായ ഉംറ പാക്കേജുകൾ ഡിസൈൻ ചെയ്ത് പണമടച്ച് എളുപ്പത്തിൽ വിസ നേടാൻ സാധിക്കും. ഉംറ വിസ ലഭിച്ച ശേഷം വിദേശ തീർഥാടകർക്ക് ഇഅ്തമർനാ ആപ് വഴി ഉംറ പെർമിറ്റിനും മസ്ജിദുബവി റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനും ബുക്കിംഗ് നടത്താൻ കഴിയും. വാക്സിനേഷൻ നടത്താത്തവർക്ക് ഇരു ഹുറമുകളിലും പ്രവേശിച്ച് നമസ്കാരങ്ങൾ നിർവഹിക്കാനും ഇഅ്തമർനാ ആപ്പ് വഴി ഉംറ പെർമിറ്റ് നേടാനും സാധിക്കും.
ഹറമിൽ കഴിയുന്ന മുഴുവൻ സമയവും വിശ്വാസികൾ മാസ്കുകൾ ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഉംറ പെർമിറ്റ് സമയം അവസാനിക്കുന്നതോടെ വിശ്വാസികൾ ഹറമിൽ നിന്ന് പുറത്തു പോകലും നിർബന്ധമാണ്. ഈ വർഷം മുതൽ ഉംറ വിസ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. വിദേശ ഉംറ തീർഥാടകർക്ക് സൗദിയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതി നൽകിയിട്ടുണ്ട്.