പഴയ കിസ്‌വ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ ഇന്ന് അണിയിക്കും. കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ നിന്നുള്ള വിദഗ്ധർ പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.
ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനൻസ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും കിസ്‌വ ബന്ധിക്കാനുള്ള സ്വർണ വളയങ്ങളിൽ മിനുക്ക് പണികൾ നടത്തുകയും. കിസ്‌വ ബന്ധിക്കുന്ന 54 സ്വർണ വളയങ്ങളാണ് വിശുദ്ധ കഅ്ബാലയത്തിലുള്ളത്. സ്വർണ വളയങ്ങൾ സ്ഥാപിച്ച കഅ്ബാലയത്തിന്റെ അടിഭാഗത്തെ ഇടഭിത്തിയിലെ മാർബിളുകൾ പരിശോധിച്ച് കേടുപാടുകളില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ ഈ മാസം പതിനൊന്നിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് ബിൻ സൈനുൽആബിദീൻ അൽശൈബിക്ക് ഔപചാരികമായി കൈമാറിയിരുന്നു.