വ്യാജ ഓണ്‍ലൈന്‍ സൈറ്റുകളിലെ ആകര്‍ഷക പരസ്യങ്ങളിലും ഓഫറുകളിലും കുടുങ്ങി വ്യക്തി വിവരങ്ങള്‍ കൈമാറി സൗദിയില്‍ ഏറ്റവുമധികം കബളിപ്പിക്കപ്പെടുന്നത് ജിദ്ദക്കാരെന്ന് സര്‍വെ. ദേശീയ തട്ടിപ്പ് വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ സാമൂഹിക സര്‍വെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍വെ പ്രകാരം തട്ടിപ്പുകാരുടെ ചതിക്കുഴിയില്‍ വീഴുന്നതില്‍ 44.2 ശതമാനവും ജിദ്ദക്കാരാണ്. 36.6 ശതമാനം നേടി രണ്ടാം സ്ഥാനത്ത് റിയാദും 9.2 ശതമാനം നേടി ദമാമും തൊട്ടടുത്തുണ്ട്. ശേഷം മദീന, മക്ക എന്നെ നഗരങ്ങളും.
കഴിഞ്ഞ ജൂണ്‍ 29 മുതല്‍ ജൂലൈ 16 വരെയാണ് സര്‍വെ നടത്തിയത്. പ്രലോഭന ഓഫറുകളോട് പൊതുജനം എങ്ങനെ പ്രതികരിക്കുന്നുവെന്നും വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നുവെന്നും പഠിക്കുന്നതിനാണ് തട്ടിപ്പ് വിരുദ്ധ കാമ്പയിന്‍ രാജ്യവ്യാപകമായി നടത്തിയത്. സമ്മാനങ്ങളും മത്സരങ്ങളുമുള്ള ഓഫറുകള്‍ 71000ത്തിലധികം പേര്‍ സന്ദര്‍ശിച്ചു. ഇതാണ് കൂടുതല്‍ പേരെ ആകര്‍ഷിച്ചത്.
സൗദി ബാങ്കുകളുടെ മീഡിയ ആന്റ് ബാങ്കിംഗ് അവയര്‍നസ് കമ്മിറ്റിയും സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്‍ഡ് ഡ്രോണ്‍സും ആറു വെബ്‌സൈറ്റുകള്‍ ഈ സര്‍വെക്കായി രൂപപ്പെടുത്തിയിരുന്നു. വിവിധ പ്രായക്കാരുടെ സാമൂഹിക താത്പര്യങ്ങള്‍ ലക്ഷ്യമിട്ട് അവരുടെ രഹസ്യാത്മകതയെ മാനിച്ച് നടത്തിയ സര്‍വെ വഴി ആകര്‍ഷകമായ പരസ്യങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം പരീക്ഷിച്ചറിഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കണമെന്ന മുന്നറിയി നല്‍കുമ്പോഴും പലരും അത് വേണ്ടവിധം കാര്യമാക്കിയിരുന്നില്ലെന്ന് വ്യക്തമായി.
നിക്ഷേപം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, യാത്ര എന്നീ മേഖലകളും സമ്മാനങ്ങളും ഓഫറുകളും നല്‍കുന്ന പദ്ധതികളുമാണ് ഇക്കാലയളവില്‍ പരീക്ഷണത്തിന് ഓണ്‍ലൈനില്‍ വെച്ചത്.
പൊതുജനങ്ങള്‍ തട്ടിപ്പുകാരുടെ ചതിക്കുഴില്‍ വീഴാതിരിക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക എഞ്ചിനീയറിംഗ് രൂപപ്പെടുത്തുകയായിരുന്നു ഈ സര്‍വെയുടെ ലക്ഷ്യം. ഫോണില്‍ വിളിക്കുന്നയാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക, അജ്ഞാത സ്രോതസ്സുകളിലേക്ക് പണമൊന്നും കൈമാറാതിരിക്കുക, സോഷ്യല്‍ മീഡിയ വഴി വ്യക്തിഗത വിവരങ്ങള്‍ പങ്കിടാതിരിക്കുക, ഇലക്ട്രോണിക് ലിങ്കുകള്‍ പരിശോധിക്കുക, സൈറ്റുകളുടെ കൃത്യതയും വിശ്വാസ്യതയും കൃത്യമായി ഉറപ്പുവരുത്തുക, ഔദ്യോഗിക സൈറ്റുകളാണ് വായിക്കുന്നതെന്ന് ഉറപ്പിക്കുക, അജ്ഞാത സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പൊതുജനം ശ്രദ്ധിക്കണമെന്ന് മീഡിയ ആന്റ് ബാങ്കിംഗ് അവയര്‍നസ് കമ്മിറ്റി ആവശ്യപ്പെട്ടു.