വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾക്കും നിയമ വിരുദ്ധമായി ഹജ് സേവനങ്ങൾ നൽകുമെന്ന് വാദിക്കുന്നവർക്കുമെതിരെ ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വളരെ കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കാൻ അവസരമൊരുക്കുമെന്ന് വാദിച്ച് രംഗപ്രവേശനം ചെയ്യുന്നവരെയും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം ചെയ്യുന്നവരെയും കരുതിയിരിക്കണമെന്ന് മന്ത്രാലയം.
ഇഅ്തമർനാ ആപ്പ് വഴിയോ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ആഭ്യന്തര തീർഥാടകർ രജിസ്റ്റർ ചെയ്യേണ്ടത്. ഹജ് സേവനം നൽകുമെന്ന് വാദിച്ച് പരസ്യം ചെയ്യുന്ന നിരവധി സാമൂഹികമാധ്യമ അക്കൗണ്ടുകളും ഫോൺ നമ്പറുകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആളുകളുടെ പേരുവിവരങ്ങളും ഔദ്യോഗിക രേഖകളും ഇവർ ആവശ്യപ്പെടുന്നു. ഇത്തരം വിശ്വാസയോഗ്യമല്ലാത്ത പരസ്യങ്ങളിൽ സ്വദേശികളും വിദേശികളും കുടുങ്ങരുത്. ഹജ് പെർമിറ്റുകൾ നൽകുമെന്ന് വാദിക്കുന്ന വ്യക്തികളെയും കമ്പനികളെയും ഓഫീസുകളെയും കുറിച്ച് ഉടനടി എല്ലാവരും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. ഹജ് സേവനം വാഗ്ദാനം ചെയ്ത് മുന്നോട്ടുവരുന്നവരുടെ വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യരുത്. വ്യക്തിപരമായ വിവരങ്ങളും പിൻനമ്പറുകളും ഇത്തരക്കാർക്ക് നൽകരുത്. ഹജ് രജിസ്‌ട്രേഷന് അജ്ഞാതരെ വിശ്വസിക്കുകയുമരുത്.
ഇ-ട്രാക്ക് വഴി ഈ മാസം 12 വരെ ഹജ് രജിസ്‌ട്രേഷന് അവസരമുണ്ട്. രജിസ്‌ട്രേഷൻ സമയം അവസാനിച്ച ശേഷം നറുക്കെടുപ്പ് ഫലം പരസ്യപ്പെടുത്തും. നിയമ വിരുദ്ധമായി ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും ഹജുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നടത്തുന്നവരെയും കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിൽ പ്രത്യേക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. നിയമ ലംഘകർക്കെതിരെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.