“സ്നേഹപൂർവ്വം കൊല്ലം” എന്ന പേരിൽ ജിദ്ദയിലെ കൊല്ലം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ ‘കൊല്ലം പ്രവാസി സംഗമം’ അവതരിപ്പിക്കുന്ന സംഗീത പരിപാടി പ്രശസ്ത ഗായകൻ അഫ്സൽ നയിക്കും. നാളെ ജൂണ്‍ 2 ന് നടക്കുന്ന പരിപാടിയിൽ റിയാദിൽ നിന്നും പതിനാലാം രാവ് ഫെയിം ഹിബ അബ്ദുൽ സലാമും ചേരുന്നു. ജിദ്ദ ബാനി മാലിക്കിലുള്ള എലൈറ്റ് ആഡിറ്റോറിയത്തിൽ വളരെ വിപുലമായ രീതിയിലാണ് പരിപാടി നടക്കുക.
ജിദ്ദയിലെ കലാസ്നേഹികൾക്കുവേണ്ടി കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ കലാകാരന്മാരുടെ കലാവിരുന്നിനൊപ്പം ജിദ്ദയിലെ മറ്റു പ്രമുഖ ഗായകരും അണിനിരക്കും.
പരിപാടികൾ രാത്രി 08:30നു സാംസ്കാരിക സമ്മേളനത്തോടൊപ്പം ആരംഭിക്കും. തുടർന്ന് ജിദ്ദയിലെ പ്രശസ്ത നൃത്ത അദ്ധ്യാപിക പുഷ്പ സുരേഷ് അണിയിച്ചൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, മറ്റു പ്രശസ്തരായ കൊറിയോഗ്രാഫേഴ്സ് ചിട്ടപ്പെടുത്തുന്ന സിനിമാറ്റിക് ഡാൻസുകളും വേണു പിള്ള സംവിധാനം ചെയുന്ന വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ പ്രൊക്രൂസ്റ്റസ് എന്ന കവിതയുടെ ആവിഷ്കാരവും ഉണ്ടാകും.
കൊല്ലം പ്രവാസി സംഗമത്തിന്റെ 15 മത് വാർഷികത്തോടനുബന്ധിച്ചാണ് വിവിധ പരിപാടികൾ നടക്കുന്നത്.