റിയാദിലെ സ്വകാര്യ റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ചതിന് സൗദി പൗരന് 10 വർഷം തടവും 30 ദശലക്ഷം റിയാൽ പിഴയും വിധിച്ചു. റിയാദിലെ ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാജ്യത്തിന്റെ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായാണ് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ചതിനെ കണക്കാക്കുന്നത്. സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി.
സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മൃഗങ്ങളെ അനധികൃതമായി വേട്ടയാടുന്നവർ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയോ അതിൽ കൂടുതലോ നിയമലംഘന പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ പത്തുവർഷം വരെ തടവോ, മുപ്പത് മില്യണിൽ കൂടാത്ത പിഴയോ ചുമത്തും.