സൗദിയിലെ ആദ്യത്തെ വാട്ടർ തീം പാർക്ക് ഖിദിയയിൽ സ്ഥാപിക്കുന്നു. മേഖലയിലെ തന്നെ ഏറ്റവും വലിയ തീം പാർക്ക് സ്ഥാപിക്കാനുള്ള കരാർ 280 കോടി റിയാലിനാണ് (75 കോടി ഡോളർ) നൽകിയതെന്ന് ഖിദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെക് എൻജിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് കമ്പനിയും സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽസൈഫ് എൻജിനീയറിംഗ് കോൺട്രാക്ടിംഗ് കമ്പനിയും ചേർന്നുള്ള കൺസോർഷ്യത്തിനാണ് കരാർ അനുവദിച്ചിരിക്കുന്നത്. ഖിദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഡയറക്ടർ ബോർഡ് അംഗവും എം.ഡിയുമായ അബ്ദുല്ല അൽദാവൂദ്, അലെക് എൻജിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് കമ്പനി സി.ഇ.ഒ കെസ് ടൈലർ, അൽസൈഫ് എൻജിനീയറിംഗ് കോൺട്രാക്ടിംഗ് കമ്പനി സി.ഇ.ഒ അഹ്മദ് അൽബസ്സാം എന്നിവർ കരാറിൽ ഒപ്പുവെച്ചു. കരാർ ഒപ്പുവെക്കൽ ചടങ്ങിനു ശേഷം നിർമാണ ജോലികൾക്ക് തുടക്കം കുറിച്ച് ശിലാസ്ഥാപനവും നിർവഹിച്ചു. 2,52,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് വാട്ടർ തീം പാർക്ക് സ്ഥാപിക്കുന്നത്. ഇവിടെ 22 റെയ്ഡുകളുണ്ടാകും.
ഇതിൽ ഒമ്പതെണ്ണം ലോകത്തു തന്നെ ഇത്തരത്തിൽ പെട്ട ആദ്യത്തെ റെയ്ഡുകളാകും. നൂതനമായി രൂപകൽപന ചെയ്യുന്ന ഒമ്പതു സോണുകൾ ഇവിടെ സന്ദർശകർക്ക് വേറിട്ട അനുഭവവും ആസ്വാദനവും സമ്മാനിക്കും. ആവേശകരവും അവിസ്മരണീയവുമായ സാഹസികതകളുടെ അസാധാരണമായ അനുഭവം സന്ദർശകർക്ക് ആസ്വദിക്കാൻ പാർക്ക് അവസരമൊരുക്കും. വാട്ടർ സ്‌പോർട്‌സിനുള്ള ഏറ്റവും പുതിയ സൗകര്യങ്ങളും 17 ഷോപ്പിംഗ് സെന്ററുകളും ഫുഡ് കോർട്ടുകളും ഇവിടെയുണ്ടാകും.