ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റ് സൗദി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു. ഈ ചോക്ലേറ്റ് വഴി യൂറോപ്പില്‍ സാല്‍മൊനെല്ല ബാക്ടീരിയ കുട്ടികളില്‍ പടരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
നിലവില്‍ സൗദി മാര്‍ക്കറ്റിലുള്ള കിന്‍ഡര്‍ ചോക്ലേറ്റുകള്‍ ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഇവക്കെതിരെ ആരോഗ്യമുന്നറിയിപ്പുകളൊന്നുമില്ല. ഈ ഉല്‍പന്നം കഴിച്ചവരില്‍ സാല്‍മൊനെല്ല ബാക്ടീരിയ ബാധിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല. എന്നാല്‍ പിന്‍വലിച്ച കിന്‍ഡര്‍ കഴിച്ചവര്‍ക്ക് പനിയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് ആരും കഴിക്കരുതെന്ന് വ്യാഴാഴ്ചയാണ് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.