റിയാദ് – സൗദിയിൽ ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കിയ 25 പേരെ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മാസം 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ 15,713 നിയമലംഘകര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇതിൽ 9,131 പേര്‍ ഇഖാമ നിയമ ലംഘകരും 4,166 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,415 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി നുഴഞ്ഞുകയറുന്നതിനിടെ 439 പേരാണ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. പിടിയിലായവരിൽ 78 ശതമാനം പേര്‍ യെമനികളും 16 ശതമാനം പേര്‍ എത്യോപ്യക്കാരും ആറു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 37 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 53,269 പേര്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇവരിൽ 4,561 വനിതകളും 49,068 പുരുഷന്മാരുമാണ് ഉൾപ്പെടുന്നത്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,513 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ തയ്യാറാക്കാനും 2,091 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികള്‍ സ്വീകരിച്ചു. അതേസമയം ഒരാഴ്ചക്കിടെ 11,031 നിയമ ലംഘകരെ സൗദിയില്‍നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.