ചൂട് കനത്തതോടെ ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ജോലി ചെയ്യുന്നതിൽ നിയന്ത്രണം എർപ്പെടുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുൾപ്പെടെ ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ സൂര്യ താപമേറ്റ് ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്. തൊഴിൽ സംബന്ധമായ രോഗങ്ങളും പരിക്കുകളും കുറയ്ക്കാനും ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും ഉത്തരവിനനുസരിച്ച് തൊഴിൽ സമയം ക്രമീകരിക്കണമെന്നും ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. നിയമ ലംഘനം ഉപഭോക്തൃ സേവന നമ്പറായ 19911 വഴിയോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ താപമേറ്റുണ്ടാവുന്ന അപകടങ്ങൾ തടയാനുള്ള നിർദേശങ്ങൾ തൊഴിലുടമകളെ അറിയിക്കാനായി മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.