റിയാദ്- റിയാദ് ഡ്രൈ ഡോക്ക് കസ്റ്റംസ് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പരസ്യ ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചതായി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ഡിസംബർ 25 ഞായറാഴ്ച രാവിലെ പത്തു മണിക്കാണ് ലേല തീയതി തീരുമാനിച്ചിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രണ്ടു ലക്ഷം റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കണം. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ പേരിൽ ബാങ്കിൽ നിന്ന് അറ്റസ്റ്റ് ചെയ്ത ചെക്ക് വഴിയാണ് ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കേണ്ടത്.
ലേലത്തിൽ നേരിട്ട് ഹാജരാകാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി. ആഭരണങ്ങൾ ലേലത്തിൽ പിടിക്കുന്നവർ ശേഷിക്കുന്ന തുക അടച്ച് നിശ്ചിത സമയത്തിനകം ഉരുപ്പടി കസ്റ്റംസിൽ നിന്ന് കൊണ്ടുപോകണം. അല്ലാത്ത പക്ഷം ആഭരണങ്ങൾ വിൽപന നടത്താൻ വീണ്ടും ലേലം നടത്തും. ലേലം പിടിക്കുന്നവർ ലേലത്തുകയ്ക്ക് പുറമെ രണ്ടര ശതമാനം കമ്മീഷനും കമ്മീഷൻ തുകക്ക് 15 ശതമാനം മൂല്യവർധിത നികുതിയും അടക്കണമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി കൂട്ടിച്ചേർത്തു.