സൗദിയില്‍ കോഴിക്കോട് സ്വദേശിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റിയെ (49)യാണ് ജിദ്ദക്കും അല്ലൈത്തിനും ഇടയില്‍ മുജൈരിമ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ഏറെക്കാലമായി ഖുന്ഫുദയില് പച്ചക്കറി വ്യാപാര തൊഴിലാളിയായ റഫീഖ് ബുധനാഴ്ച ജിദ്ദയില്‍നിന്ന് പച്ചക്കറിയുമായി ഖുന്‍ഫുദയിലേക്കു വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് മുജൈരിമ റെസ്റ്റിംഗ് സ്റ്റേഷനില്‍ ലോറി നിര്‍ത്തിയതാണെന്നാണ് നിഗമനം.
ജിദ്ദിയില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സാധാരണ വിശ്രമത്തിനായി നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. റഫീഖ് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ്
നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അല്ലൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഇടക്കാലത്ത് പ്രവാസം നിര്‍ത്തി നാട്ടില്‍ പോയിരുന്ന റഫീക്ക് വീണ്ടും പുതിയ വിസയില്‍ വന്നു ജോലി തുടരുകയായിരുന്നു.
ഭാര്യ : സാജിദ, മക്കള്‍: മുഹമ്മദ് അഫ്താബ് , മുഹമ്മദ് അഫ്ലാ, ആമിനാ ഹന്‍സ. മൃതേദഹം അല്ലൈത്തില് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.