സൗദിയിൽ മെയ് മാസത്തിൽ പണപ്പെരുപ്പം 2.2 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 0.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പച്ചക്കറികളുടെ വില 12 ശതമാനം തോതിലും പാലിന്റെയും മുട്ടയുടെയും വില 12.1 ശതമാനം തോതിലും വർധിച്ചതിന്റെ ഫലമായി ഭക്ഷ്യവസ്തു വിഭാഗത്തിൽ 4.6 ശതമാനവും വിദ്യാഭ്യാസ വിഭാഗത്തിൽ 6.2 ശതമാനവും ഗതാഗത വിഭാഗത്തിൽ 4.6 ശതമാനവും റെസ്റ്റോറന്റ്, ഹോട്ടൽ മേഖലയിൽ 4.1 ശതമാനവും വ്യക്തിഗത ചരക്ക്, സേവന വിഭാഗത്തിൽ 2.1 ശതമാനവും തോതിൽ നിരക്കുകൾ ഉയർന്നതാണ് പണപ്പെരുപ്പം 2.2 ശതമാനം തോതിൽ വർധിക്കാൻ ഇടയാക്കിയത്. സൗദിയിൽ തുടർച്ചയായി 29-ാം മാസമാണ് പണപ്പെരുപ്പം വർധിക്കുന്നത്.