ഈ വർഷം തടവുകാർക്ക് പൊതുമാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. ഇതുപ്രകാരം 36 കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് രാജാവിന്റെ പൊതുമാപ്പ് ലഭിക്കില്ല. ശവ്വാൽ പത്തു വരെ രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ പ്രതികൾക്ക് പൊതുമാപ്പ് ലഭിക്കും. ദൈവനിന്ദ, പ്രവാചകനിന്ദ, മുസ്ഹഫ്‌നിന്ദ, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, രാജ്യദ്രോഹം അടക്കം ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങൾ, കരുതിക്കൂട്ടിയുള്ള കൊലപാതകം, കൊലപാതകത്തിന് സഹായിക്കൽ, ആസൂത്രണം ചെയ്യൽ, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കൽ, ആഭിചാരം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, സുരക്ഷാ സൈനികരായി ആൾമാറാട്ടം നടത്തൽ, പണം വെളുപ്പിക്കൽ, നിക്ഷേപ തട്ടിപ്പ്, നുഴഞ്ഞുകയറ്റക്കാരെ കടത്തൽ, കൊള്ള, പിടിച്ചുപറി, ജയിലുകൾക്കകത്തെ കുറ്റകൃത്യങ്ങൾ, ജുഡീഷ്യറി ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്കുമെതിരായ കൈയേറ്റങ്ങൾ, പ്രായപൂർത്തിയാകാത്തവരെ കെണിയിൽ വീഴ്ത്തൽ, വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കൗമാരക്കാർക്ക് രഹസ്യമായി അഭയം നൽകൽ, ലൈംഗിക ഉപദ്രവം, ബലാത്സംഗം, ആക്രമിക്കാനും മോഷണം നടത്താനും പീഡിപ്പിക്കാനും വീടുകളിൽ അതിക്രമിച്ചുകയറൽ, ദമ്പതികളെ തമ്മിൽ പിണക്കാൻ ശ്രമിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
അഞ്ചു ലക്ഷത്തിൽ കൂടുതൽ റിയാൽ പിഴ ചുമത്തപ്പെട്ടവർ, സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാൻ സാധിക്കാത്തവർ എന്നിവർ പിഴ അടക്കാൻ മതിയായ സാമ്പത്തിക ശേഷിയില്ലെന്ന് അറിയിക്കുന്ന പക്ഷം പാപ്പരാണെന്ന് നിയമാനുസൃതം സ്ഥിരീകരിക്കുന്നതിന് ധനമന്ത്രാലയ പ്രതിനിധിക്കൊപ്പം ഇവരെ പ്രത്യേക കോടതിക്കു മുന്നിൽ ഹാജരാക്കും. ഇക്കൂട്ടത്തിൽ പാപ്പരാണെന്ന് തെളിയുന്നവർക്ക് പിഴക്കു പകരം തടവു ശിക്ഷ നൽകുകയും സാഹചര്യം ഒരുങ്ങുന്ന മുറക്ക് സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും.
ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് പ്രകാരം തടവു ശിക്ഷയിൽ ഇളവ് ലഭിക്കും. രണ്ടു വർഷവും അതിൽ കുറവും തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ശേഷിക്കുന്ന ശിക്ഷാ കാലം ഇളവ് ചെയ്തുകൊടുക്കും. ഇതിന് ശിക്ഷയുടെ പത്തിലൊന്ന് ഇവർ അനുഭവിക്കണമെന്ന് വ്യവസ്ഥയുണ്ട്. രണ്ടു വർഷവും അതിൽ കൂടുതൽ കാലത്തേക്കും ശിക്ഷിക്കപ്പെടുന്നവർക്ക് നാലിലൊന്ന് ശിക്ഷാ കാലം അനുഭവിച്ച ശേഷമാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന കൗമാരക്കാരല്ലാത്ത മുഴുവൻ വിദേശികളെയും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കണമെന്ന് പൊതുമാപ്പ് വ്യവസ്ഥകൾ അനുശാസിക്കുന്നു. എന്നാൽ നാടുകടത്താൻ കഴിയാത്ത വിദേശികൾ ശിക്ഷാ കാലയളവ് പൂർത്തിയാക്കണം. സ്വദേശങ്ങളിലേക്ക് മടങ്ങാൻ അനുയോജ്യമായ സാഹചര്യം ഒരുങ്ങുമ്പോൾ ഇവരെയും സൗദിയിൽ നിന്ന് നാടുകടത്തും.
മയക്കുമരുന്ന് കടത്ത് കേസു പോലുള്ള വലിയ കുറ്റകൃത്യങ്ങളിൽ ആദ്യ തവണ ശിക്ഷിക്കപ്പെടുന്ന വിദേശികൾക്ക് പകുതി ശിക്ഷാ കാലം അനുഭവിച്ച ശേഷം പൊതുമാപ്പ് നൽകും. ദൈവനിന്ദ, മതനിന്ദ, പ്രവാചകനിന്ദ, മുസ്ഹഫ്‌നിന്ദ, ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, കൊലപാതകം, രണ്ടാമതും മയക്കുമരുന്ന് കടത്തൽ, പണം വെളുപ്പിക്കൽ, ബലാത്സം, തട്ടിക്കൊണ്ടുപോകൽ, ഡ്യൂട്ടിക്കിടെ റോയൽ ഗാർഡ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം, റോയൽ ഗാർഡ് ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ പാലിക്കാതിരിക്കൽ, ബിനാമി ബിസിനസ് എന്നീ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുവിധ പൊതുമാപ്പ് ആനുകൂല്യവും നൽകാൻ പാടില്ലെന്ന് പൊതുമാപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും വ്യക്തമാക്കുന്നു.