ഭിക്ഷാടനത്തിനെതിരെയുള്ള നടപടി ശക്തമാക്കി അധികൃതര്‍. ഭിക്ഷാടനം സാമ്പത്തിക തട്ടിപ്പിന്റേയും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റേയും ഗണത്തിലുള്‍പെടുന്നതാണെന്ന മുന്നറിയിപ്പാണ് പൊതു സുരക്ഷാ വിഭാഗം ട്വിറ്ററിലൂടെ നല്‍കിയിരിക്കുന്നത്. ഭിക്ഷാടനം നടത്തുന്നവരേയും ഏതെങ്കിലും രീതിയില്‍ ഇത്തരക്കാര്‍ക്ക് സഹായം നല്‍കുന്നവരേയും കണ്ടാല്‍ ശ്രദ്ധയില്‍ പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
3,719 ഭിക്ഷാടകരെ കഴിഞ്ഞ പത്തു ദിവസത്തിനിടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. എല്ലാ തരം ഭിക്ഷാടനവും കര്‍ശനമായി നിരോധിച്ചതാണെന്നും ഒരര്‍ത്ഥത്തിലും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഭിക്ഷാടനം കാണുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 911 എന്ന നമ്പറില്‍ മക്കയില്‍ നിന്നും റിയാദില്‍ നിന്നും 999 എന്ന നമ്പറിലൂടെ സൗദിയില്‍ എവിടെ നിന്നും ഭിക്ഷാടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈ മാറാമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. സാമൂഹിക മാധ്യമം വഴി നടത്തുന്ന യാചനയും രണ്ടു മാസം മുന്നെ നിലവില്‍ വന്ന നിയമപ്രകാരം സൗദിയില്‍ നിരോധിക്കപ്പെട്ടതാണ്. ആഭ്യന്തര മന്ത്രാലയമാണ് ഭിക്ഷാടനവുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികള്‍ സ്വീകരിക്കുക.