സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാൻ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ അകറ്റിനിർത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങൾ ക്രമീകരിക്കുകയാണ് വേണ്ടത്.