സൗദിയിൽ മൂന്നാമതു ഡിജിറ്റൽ ബാങ്കിനു മന്ത്രിസഭ അനുമതി നൽകിയതായി സൗദി കേന്ദ്ര ബാങ്ക് അറിയിച്ചു. ‘ഡി 360 ബാങ്ക്’ എന്ന പേരിലാണ് ഡിജിറ്റൽ ബാങ്ക് തുറക്കുന്നത്. 1.65 ബില്യൺ റിയാൽ (440 മില്യൺ ഡോളർ) മൂലധനമുള്ള ഡി 360 ബാങ്ക് നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ആരംഭിക്കുന്നത്. എസ്ടിസി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവയാണു നിലവിൽ രാജ്യത്ത പ്രവർത്തിക്കുന്ന മറ്റു രണ്ടു ഡിജിറ്റൽ ബാങ്കുകൾ.
സൗദി വിഷൻ 2030 അനുസരിച്ച് രാജ്യത്ത് നടക്കുന്ന വൻ പരിഷ്കരണ പരിപാടിയിൽ ഉൾപ്പെട്ട സാമ്പത്തിക വികസന പദ്ധതികളുടെ ഭാഗമാണ് ഡിജിറ്റൽ ബാങ്കുകൾ സൃഷ്ടിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പരമാധികാര പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്കാളിത്തത്തോടെ ദിറായ ഫിനാൻഷ്യലിന്റെ നേതൃത്വത്തിലാണ് പുതിയ ഡി ബാങ്ക്. ഇതോടെ രാജ്യത്ത് 11 പ്രാദേശിക ബാങ്കുകളും മൂന്നു പ്രാദേശികൾ ഡിജിറ്റൽ ബാങ്കുകളും വിദേശ ബാങ്കുകളുടെ 21 ബ്രാഞ്ചുകളും ഉൾപ്പെടെ 35 ബാങ്കുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.