റിയാദ്- തപാല്‍ സേവനങ്ങള്‍, പാഴ്‌സല്‍ സേവനങ്ങള്‍ എന്നീ മേഖലയിലെ ജോലികള്‍ ഇനി സൗദി പൗരന്മാര്‍ക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു. ഇനി വിദേശികള്‍ മുതല്‍ ഈ രംഗത്തെ പ്രധാന ജോലികളില്‍ നിന്ന് പുറത്താകും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.
തപാല്‍ മേഖലയില്‍ 14 പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയില്‍ വരുന്നത്. ക്ലീനിംഗ്, ലോഡിംഗ് ആന്റ് അണ്‍ലോഡിംഗ് എന്നിവ സൗദിവത്കരിച്ചിട്ടില്ല. ഓണ്‍ലൈന്‍വഴിയുള്ള ഡെലിവറി സേവനങ്ങള്‍, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ ഡെലിവറി സേവനങ്ങള്‍ നല്‍കല്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ പാഴ്‌സലുകള്‍ കൊണ്ടുപോകല്‍, സ്പീഡ് പോസ്റ്റ് സേവനങ്ങള്‍, തപാല്‍ പാഴ്‌സലുകള്‍ എത്തിച്ചുകൊടുക്കല്‍, കൈമാറ്റം ചെയ്യല്‍, പോസ്റ്റല്‍ ഓഫീസ് സേവനങ്ങള്‍ എന്നിവയില്‍ നൂറുശതമാം സൗദിവത്കരണം നിര്‍ബന്ധമാണ്. കൊറിയര്‍ പാക്കുകളുടെ പുനര്‍വിതരണം, സ്റ്റോറേജ്, പ്രോസസിംഗ് പ്രവര്‍ത്തനങ്ങള്‍, തപാല്‍ ലോജിസ്റ്റിക് സേവനങ്ങള്‍, സ്വകാര്യ തപാല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യപോസ്റ്റര്‍ സര്‍വീസുകള്‍, സാധാരണ പോസ്റ്റല്‍ സേവനങ്ങള്‍, മറ്റു തപാല്‍ സേവനങ്ങള്‍ എന്നിവയെല്ലാം സൗദിവത്കരണ പരിധിയില്‍ ഉൾപ്പെടുന്നതാണ്. മലയാളികളടക്കം നിരവധി വിദേശികള്‍ ഈ മേഖലകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. അതേസമയം നേരത്തെ തന്നെ പാഴ്‌സല്‍ കമ്പനികള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.