സൗദി അറാംകോയുടെ നേതൃത്വത്തിൽ രാജ്യത്ത് പുതിയ നാല് പ്രകൃതി വാതക ഖനികൾ കൂടി കണ്ടെത്തിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. റിയാദ്, വടക്കൻ അതിർത്തി പ്രവിശ്യ, കിഴക്കൻ പ്രവിശ്യ, റുബുഉൽ ഖാലി മരുഭൂമി എന്നിവിടങ്ങളിലാണ് പുതിയ പ്രകൃതി വാതക സ്രോതസ്സുകൾ കണ്ടെത്തിയത്.
റിയാദിൽ നിന്ന് തെക്ക് കിഴക്കൻ ഭാഗത്ത് 180 കിലോമീറ്റർ അകലെയായി ശദൂൻ പാടം, റുബുൽഖാലി മേഖലയിൽ ശൈബ എണ്ണപ്പാടത്തുനിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം 70 കിലോമീറ്റർ അകലെയായി ശിഹാബ്, ശൈബയിൽനിന്ന് ഇതേ ഭാഗത്തേക്ക് 120 കിലോ മീറ്റർ അകലെയായി അൽശുർഫ എന്നീ വാതക ഖനികളാണ് കണ്ടെത്തിയത്. പ്രതിദിനം 27 ദശലക്ഷം ഘന അടി വാതകം ശദൂനിൽ നിന്നും 31 ദശലക്ഷം ഘന അടി വാതകം ശിഹാബ് ഖനിയിൽ നിന്നും ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശുർഫയിൽനിന്ന് പ്രതിദിനം 16.9 മില്യൺ ഘന അടി വാതകവും ഉൽപാദിപ്പിക്കാമെന്ന് പ്രതീക്ഷയുണ്ട്.
വടക്കൻ അതിർത്തി പ്രവിശ്യയിൽ കണ്ടെത്തിയ ഉമ്മു ഖൻസർ വാതക ഖനിയിൽ നിന്നും പ്രതിദിനം രണ്ട് ദശലക്ഷം ഘന അടി വാതകവും കിഴക്കൻ പ്രവിശ്യയിലെ സംന വാതക ഖനിയിൽ നിന്ന് 5.8 ദശലക്ഷം ഘന അടി വാതകവും ലഭ്യമാകുമെന്നാണ് പ്രാഥമിക കണ്ടെത്തിൽ. അറാറിൽനിന്ന് തെക്ക് കിഴക്കായി ഏകദേശം 71 കിലോമീറ്റർ അകലെയാണ് ഉമ്മു ഖൻസർ. ദഹ്‌റാൻ നഗരത്തിൽനിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 211 കിലോമീറ്റർ മാറിയാണ് സംന പാടം സ്ഥിതി ചെയ്യുന്നത്.