സൗദി അറേബ്യയും ഖത്തറും തമ്മിലുണ്ടായത് കുടുംബാംഗങ്ങൾക്കിടയിലെ തർക്കമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇത് അവസാനിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ 90 ശതമാനവും ഒന്നാണ്. ഒരേ സുരക്ഷാ വെല്ലുവിളികളും അപകടങ്ങളും സാമ്പത്തിക അവസരങ്ങളുമാണ് ഗൾഫ് രാജ്യങ്ങൾക്കു മുന്നിലുള്ളത്.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെല്ലാം ഒരു രാജ്യം പോലെയാണ്. ഇതാണ് ഗൾഫ് സഹകരണ കൗൺസിൽ സ്ഥാപിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും പ്രേരകം. കൂട്ടായ പ്രവർത്തനം സുരക്ഷ ഉറപ്പുവരുത്തുകയും സാമ്പത്തിക പദ്ധതിയും രാഷ്ട്രീയ അജണ്ടയും വിജയിപ്പിക്കുകയും ചെയ്യും. അംഗ രാജ്യങ്ങൾക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ പൊതുതാൽപര്യങ്ങൾ ശക്തിപ്പെടുത്തുകയും തർക്കങ്ങൾ പരിഹരിക്കുകയും വേണം. ഖത്തർ, സൗദി ബന്ധം ഇന്ന് ഏറെ മികച്ചതായി മാറിയിട്ടുണ്ട്. ഖത്തർ അമീർ ശൈഖ് തമീം അത്ഭുതകരമായ വ്യക്തിയും മികച്ച നേതാവുമാണെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.