സൗദി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി അല്‍ശൈഹാന സ്വാലിഹ് അല്‍അസാസ് പുതിയ ചരിത്രം കുറിച്ചു. ആദ്യമായി സൗദി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത വനിതയെന്ന ചരിത്രമാണ് അല്‍ശൈഹാന രചിച്ചത്. മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ പദവിയില്‍ അടുത്തിടെ അല്‍ശൈഹാനയെ നിയമിച്ചിരുന്നു. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഇന്നലെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അല്‍ശൈഹാന സംബന്ധിച്ചത്.
ഏറ്റവും ശക്തരായ വനിതാ വ്യവസായികളുടെ പട്ടികയില്‍ 2020 ല്‍ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് മാസിക അല്‍ശൈഹാനയെ ഉള്‍പ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ആദ്യ സൗദി വനിതാ അഭിഭാഷകരില്‍ ഒരാളാണ് അല്‍ശൈഹാന. സൗദി അറേബ്യയില്‍ തിരിച്ചെത്തിയ ശേഷം റിയാദിലെ പ്രശസ്തമായ നിയമ സ്ഥാപനത്തില്‍ അല്‍ശൈഹാന ജോലി ചെയ്തിരുന്നു. പിന്നീട് നിരവധി പദവികളില്‍ ജോലി ചെയ്ത അല്‍ശൈഹാന സ്വാലിഹ് അല്‍അസാസ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ കോണ്‍ട്രാക്ട്‌സ് മാനേജര്‍ തസ്തികയിലും സേവനമനുഷ്ഠിച്ചിരുന്നു.