ഹജിന് തെരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത സമയത്തിനകം തങ്ങൾ തെരഞ്ഞെടുത്ത പാക്കേജ് പ്രകാരമുള്ള പണമടച്ചില്ലെങ്കിൽ ബുക്കിംഗ് റദ്ദാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം. നറുക്കെടുപ്പിലൂടെ ഹജിന് തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചാൽ 48 മണിക്കൂറിനകം പണമടയ്ക്കണം. പണമടയ്ക്കാനുള്ള സമയത്തിൽ അവധി ദിവസങ്ങൾ കണക്കാക്കില്ല. ഹജിന് തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിക്കുകയും ഇതിനനുസരിച്ച് പണമടക്കുകയും ചെയ്ത ശേഷം ബുക്കിംഗ് റദ്ദാക്കാതെ പെർമിറ്റ് റദ്ദാക്കിയാൽ പണമൊന്നും തിരികെ ലഭിക്കില്ല.
ബുക്കിംഗ് റദ്ദാക്കാൻ കാലതാമസം വരുത്തുന്നതിനനുസരിച്ച് കൂടുതൽ പണം കട്ട് ചെയ്യും. കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും നിശ്ചിത ശതമാനം തുക ബുക്കിംഗ് തുകയിൽ നിന്ന് കുറയ്ക്കും. ബുക്കിംഗ് റദ്ദാക്കുന്നവർ അടച്ച പണം തിരികെ ലഭിക്കാൻ പ്രത്യേകം അപേക്ഷ നൽകണം. ഏതു ബാങ്കിലെ അക്കൗണ്ടിലാണ് പണം തിരികെ നിക്ഷേപിക്കേണ്ടതെന്നും ഐബാൻ നമ്പറും അപേക്ഷക്കൊപ്പം നൽകണം. ഏഴു പ്രവൃത്തി ദിവസത്തിനകം അപേക്ഷ പരിശോധിച്ച് നടപടികൾ സ്വീകരിക്കും.
ഹജ്, ഉംറ ഇൻഫർമേഷൻ സെന്റർ വിവരങ്ങൾ വഴിയാണ് മുമ്പ് ഹജ് നിർവഹിച്ചിട്ടില്ലാത്തവരെ തിരിച്ചറിയുക. ഒരു അപേക്ഷയിൽ ഉൾപ്പെടുത്തുന്ന അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ഹജ് അവസരം കുറയും. രജിസ്റ്റർ ചെയ്യുന്ന സമയത്ത് നിരക്കുകൾക്ക് അനുസരിച്ച് തെരഞ്ഞെടുക്കുന്ന ഇഷ്ടപ്പെട്ട പാക്കേജിലെ സീറ്റുകൾ തീരുന്ന പക്ഷം തെരഞ്ഞെടുക്കേണ്ട പാക്കേജ് ആണ് ഓപ്ഷനൽ പാക്കേജ്. രജിസ്‌ട്രേഷൻ സമയത്ത് ആവശ്യമായ വിവരങ്ങൾ പൂർണമായി നൽകാതിരുന്നാൽ രജിസ്‌ട്രേഷൻ പൂർത്തിയാകില്ല. പൂർണ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഇത്തരക്കാർക്ക് അറിയിപ്പ് ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.