കിംഗ് അബ്ദുൽ അസീസ് അന്താരാഷട്ര എയർപോർട്ട് ഹജ് ടെർമിനലിൽ തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ജവാസാത്തിനു കീഴിൽ 200 ലേറെ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മക്ക പ്രവിശ്യ ജവാസാത്ത് ഡയറക്ടറേറ്റ് വക്താവ് മേജർ ഹാമിദ് അൽഹാരിസി പറഞ്ഞു. ഹജ് തീർഥാടകരെ സ്വീകരിക്കാൻ ജവാസാത്ത് നേരത്തെ തന്നെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളാണ് ജവാസാത്ത് ഉപയോഗിക്കുന്നത്.
തീർഥാടകരുമായി ഇടപഴകുന്നതിലും പാസ്പോർട്ടുകളിലെ കൃത്രിമങ്ങൾ കണ്ടെത്തുന്നതിലും ജവാസാത്ത് ഉദ്യോഗസ്ഥർക്ക് പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. ഹാജിമാരെ സ്വീകരിച്ച് വ്യത്യസ്ത ഭാഷകളിൽ അവരുമായി സംസാരിക്കാൻ കഴിയുന്ന ടീമുകൾ ജവാസാത്തിനു കീഴിലുണ്ട്. ജവാസാത്തിനു കീഴിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് സപ്പോർട്ട് സംഘങ്ങളും ജവാസാത്തിനു കീഴിലുണ്ട്.
ജവാസാത്ത് കൗണ്ടറുകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കു പുറമെ തീർഥാടകരെ സ്വീകരിക്കുന്ന സംഘങ്ങളും കൗണ്ടറുകൾക്കു പുറത്ത് കാര്യങ്ങൾ നിരീക്ഷിക്കുന്ന ഫീൽഡ് സംഘങ്ങളും ഹജ് ടെർമിനലിൽ പ്രവർത്തിക്കുന്നുണ്ടെന്നും മേജർ ഹാമിദ് അൽഹാരിസി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ ഒഴുക്ക് ദുൽഹജ് നാലു വരെ തുടരും.