ഹജ്ജ് അപേക്ഷകനും ഒപ്പം അനുഗമിക്കുന്നവർക്കുമുള്ള ഹജ് നിരക്കാണ് ഹജ് പാക്കേജ് നിരക്കായി നിർണയിച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് എൻജിനീയർ ഹിശാം സഈദ്. ഹജ്ജ് അപേക്ഷകനെ ആശ്രിതർ അനുഗമിക്കുന്ന പക്ഷം ഓരോ വ്യക്തിക്കുമുള്ള നിരക്കുകളും മൊത്തം നിരക്കും രജിസ്ട്രേഷൻ സമയത്ത് പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വർഷം തീർഥാടകരുടെ എണ്ണം കുറച്ചത് ഹാജിമാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താൻ സഹായിക്കുമെന്ന് ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിൽ ആക്ടിംഗ് പ്രസിഡന്റ് ഡോ. സാഅദ് അൽജുഹനി പറഞ്ഞു. ഹോട്ടൽ റൂമുകൾക്ക് സമാനമായ വികസിത തമ്പുകൾ ഇത്തവണ ആദ്യമായി മിനായിൽ ഒരുക്കിയിട്ടുണ്ട്. മക്ക റോയൽ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനിയാണ് മിനായിൽ തമ്പുകൾ വികസിപ്പിച്ചത്. മിനായിൽ കിദാന കമ്പനി നടപ്പാക്കുന്ന ആദ്യ ഘട്ട വികസന പദ്ധതിയാണിത്.
മൂന്നു വർഷം മുമ്പുണ്ടായിരുന്ന അതേ രീതിയിലാണ് ഇത്തവണ പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുക. ഓപ്പൺ ബൂഫെ രീതി പാലിക്കുന്നതിലൂടെ തീർഥാടകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് വൈവിധ്യമാർന്ന ഭക്ഷണങ്ങൾ വിതരണം ചെയ്യാൻ സാധിക്കും. അറഫയിൽ എല്ലായിടങ്ങളിലും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ അറഫയിലെ താൽക്കാലിക തമ്പുകളിൽ ജനറേറ്ററുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാതായെന്നും ഡോ. സാഅദ് അൽജുഹനി പറഞ്ഞു.