ഹജിനു മുന്നോടിയായി പുണ്യസ്ഥലങ്ങളിൽ മക്ക നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മിനായിലേയും അറഫയിലേയും മുസ്ദലിഫയിലേയും റോഡുകളും ഇവിടങ്ങളിലേക്കുള്ള പാതകളിലെ മണ്ണും ചപ്പുചവറുകളും മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് ശുചീകരിക്കുകയും പരിസ്ഥിതി സൗഹൃദ അണു നശീകരണ പദാർഥങ്ങൾ ഉപയോഗിച്ച് അണു വിമുക്തമാക്കുകയുമാണ് ചെയ്യുന്നത്.
ഹജിന് മുന്നോടിയായി പുണ്യസ്ഥലങ്ങൾ ഒരുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിതെന്ന് മക്ക നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് ബാഹാരിസ് പറഞ്ഞു. വളരെ നേരത്തെയുള്ള തയാറെടുപ്പുകളുടെ ഭാഗമായും ഹജ് തീർഥാടകരെ സ്വീകരിക്കാനും പുണ്യസ്ഥലങ്ങളിലെ എല്ലാ ഭാഗങ്ങളിലും ശുചീകരണ ജോലികൾ നടത്തുന്നുണ്ട്.
പുണ്യസ്ഥലങ്ങളിലെ റോഡുകൾ ശുചീകരിക്കാനും മാലിന്യങ്ങൾ ശേഖരിക്കാനും ആവശ്യമായ ഷെവലുകളും ബോബ്കാറ്റുകളും ടിപ്പറുകളും ക്ലീനിംഗ് ട്രക്കുകളും മറ്റും മക്ക നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത തിരക്കിനിടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്നതിന് മിനായിൽ മാലിന്യങ്ങൾ കംപ്രസ് ചെയ്ത് സൂക്ഷിക്കുന്ന 1379 കുപ്പത്തൊട്ടികളും 138 ഭൂഗർഭ മാലിന്യ സംഭരണികളും ഹൈഡ്രോളിക് സംവിധാനമുള്ള ഒമ്പതു വലിയ ട്രൈലറുകളും വ്യത്യസ്ത വലിപ്പങ്ങളിലുള്ള 530 ഉപകരണങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്.