ഈ വർഷത്തെ ഹജ്ജ് സർവീസുകൾക്ക് ദേശീയ വിമാന കമ്പനിയായ സൗദിയ 14 വിമാനങ്ങൾ നീക്കിവെച്ചു. വിവിധ രാജ്യങ്ങളിലെ 15 എയർപോർട്ടുകളിൽനിന്ന് 268 ഹജ്ജ് സർവീസുകളാണ് സൗദിയ നടത്തുക. ആഭ്യന്തര തീർഥാടകർക്കു വേണ്ടി സൗദിയിലെ ആറു വിമാനത്താവളങ്ങളിൽ നിന്ന് 32 സർവീസുകളും സൗദിയ നടത്തും. ആഭ്യന്തര സെക്ടറിൽ നടത്തുന്ന ഹജ് സർവീസുകളിൽ 12,800 ഓളം തീർഥാടകർക്കും ഇന്റർനാഷണൽ സെക്ടറിൽ നടത്തുന്ന സർവീസുകളിൽ 1,07,000 ഓളം ഹജ് തീർഥാടർക്കും സൗദിയ യാത്രാ സൗകര്യം നൽകും.
ഹജ്ജ് സർവീസുകൾക്ക് പുറമെ ഷെഡ്യൂൾ ചെയ്ത സർവീസുകളിലും അധിക സർവീസുകളിലും ഹജ് തീർഥാടകരെ പുണ്യഭൂമിയിലും തിരിച്ചും സൗദിയ എത്തിക്കും. സൗദി അറേബ്യക്കകത്തെയും വിദേശങ്ങളിലെയും 100 ഓളം നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകളും അധിക സർവീസുകളും ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ സൗദിയ ഉപയോഗപ്പെടുത്തും.