ദഹ്‌റാൻ: 1,400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബിയുടെ യാത്രയുടെ സാർവത്രിക സന്ദേശം ഉയർത്തിക്കാട്ടുന്ന ഹിജ്റയെക്കുറിച്ചുള്ള പ്രദർശനം സൗദി സംഘടിപ്പിച്ചു.സ്‌നേഹം, സമാധാനം, സ്വാതന്ത്ര്യം, സഹിഷ്ണുത, സ്ഥിരോത്സാഹം, ധൈര്യം, സഹവർത്തിത്വം എന്നീ വിഷയങ്ങളിലൂടെ ഹിജ്‌റയുടെ സ്വാധീനവും പ്രസക്തിയും പങ്കുവെക്കാനാണ് പ്രദർശനം ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയിലെ ഹിജാസ് പർവതനിരകളിലൂടെ മക്കയിൽ നിന്ന് മദീനയിലേക്കുള്ള പാത ഇന്ന് അത്ര സുഗമമല്ല. എന്നാൽ 1,400 വർഷങ്ങൾക്ക് മുമ്പ്, ഇസ്‌ലാമിന്റെ സ്ഥാപകനായ മുഹമ്മദ് നബിക്ക് പല പീഡനങ്ങളിൽ നിന്ന് രക്ഷ നേടാൻ മക്ക വിടേണ്ടി വന്നപ്പോൾ ഈ വഴി സ്വീകരിക്കാൻ നിർബന്ധിതനായി.
അദ്ദേഹവും അനുയായികളും 450 കിലോമീറ്റർ വടക്കുമാറി മദീനയിലേക്ക് ഒരു യാത്ര പുറപ്പെട്ടു. അത് ഹിജ്റ എന്നറിയപ്പെടുന്നു.
“ഞങ്ങൾ ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത് ആഗോള പ്രേക്ഷകരെയാണ്, അറബികളെയോ മുസ്ലീങ്ങളെയോ അല്ല. ഹിജ്റയുടെ സാർവത്രിക സന്ദേശങ്ങളാൽ പ്രബുദ്ധരാകാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഞങ്ങൾ ലക്ഷ്യമിടുന്നതായി നിലവിൽ പ്രദർശനം നടക്കുന്ന കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിലെ പ്രോഗ്രാം മേധാവി അഷ്‌റഫ് എഹ്‌സാൻ ഫാഗിഹ് പറഞ്ഞു.