വ്യക്തിഗത സ്പോൺസർമാർക്കു കീഴിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാരുടെ സ്പോൺസർഷിപ്പ് സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലേക്ക് നിലവിൽ മാറ്റാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളിയുടെ സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള ഫീസുകൾ പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടതെന്ന് തൊഴിൽ നിയമത്തിലെ നാൽപതാം വകുപ്പ് അനുശാസിക്കുന്നു.
സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം പുതിയ ഉടമയിലേക്ക് മാറുകയോ പരസ്പരം ലയിപ്പിക്കുകയോ വിഭജിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി സ്ഥാപനത്തിന്റെ നിയമാനുസൃത ഘടനയിൽ മാറ്റങ്ങളുണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ തൊഴിൽ കരാറുകൾ സാധുവായി തുടരുമെന്നും സേവന തുടർച്ച പരിഗണിക്കപ്പെടുമെന്നും തൊഴിൽ നിയമത്തിലെ പതിനെട്ടാം വകുപ്പ് അനുശാസിക്കുന്നു.
ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളിയുടെ സ്പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ഒന്നിലധികം അവസരമൊരുക്കുകയും പിന്നീട് ഇത് നിർത്തിവെക്കുകയും ചെയ്തിരുന്നു. ഹൗസ് ഡ്രൈവർമാരുടെ സ്പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിലവിൽ മാറ്റാൻ സാധിക്കുമെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.