ജിദ്ദ: അഴിമതി കേസുകളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ഒക്ടോബർ മാസം അറസ്റ്റിലായത് 121 പേർ. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ആകെ 232 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. കുറ്റക്കാരാണെന്ന് തെളിഞ്ഞ 121 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര, നീതിന്യായ, നാഷണൽ ഗാർഡ്, മുനിസിപ്പൽ-പാർപ്പിടകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.
1,903 ഫീൽഡ് പരിശോധനകളാണ് അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് ഒക്ടോബറിലെ വിവിധ പ്രവിശ്യകളിൽ നടത്തിയതെന്നും ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റി കൂട്ടിച്ചേർത്തു.