ജിദ്ദ: ഹജ്ജ് വേളയിൽ കുട്ടികളെ സംരക്ഷിക്കാൻ മക്കയിൽ 13 ശിശു പരിപാലന കേന്ദ്രങ്ങൾ സജ്ജീകരിച്ചു. മാനവ വിഭവ സാമൂഹിക വികസന അതോറിറ്റിയാണ് 300 കുട്ടികളെവരെ ഉൾക്കൊള്ളാൻ കഴിയുന്ന നഴ്സറികളുടെ ചട്ടങ്ങൾക്കനുസൃതമായ ശിശുപരിപാലന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും തീർഥാടകരുടെ കുട്ടികളെയും ഹജ്ജിലെ സ്ത്രീ-പുരുഷ തൊഴിലാളികളുടെ കുട്ടികളെയും പരിപാലിക്കുന്നതിനാണിത്. കുട്ടികളെ വിദ്യാഭ്യാസപരമായും വിനോദപരമായും ആരോഗ്യപരമായും പരിപാലിക്കുന്നതിനായി യോഗ്യരായ ജീവനക്കാരെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
കുട്ടികൾക്ക് സുരക്ഷിതവും ഗുണപരവുമായ വിദ്യാഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഹജ്ജ് വേളയിലെ തിരക്ക്, അണുബാധ എന്നിവയുടെ അപകടങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും തീർഥാടകരായ മാതാക്കൾക്ക് അവരുടെ ആചാരങ്ങൾ ഭക്തിയോടെ നിർവഹിക്കാൻ അവസരമൊരുക്കുന്നതിനുമാണ് ഈ സംവിധാനം. 10 വയസ്സ് വരെയുള്ള കുട്ടികളെയാണ് കേന്ദ്രത്തിൽ സംരക്ഷണം നൽകുന്നത്