റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പുതിയ പ്രിൻസിപ്പാളായി മീര റഹ്മാൻ ചുമതലയേറ്റു. ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ എത്തുന്നത്. പ്രഥമ മലയാളി എന്ന പ്രത്യേകതയും അവർ അലങ്കരിക്കുന്നു.
1989 ലാണ് ഇന്ത്യൻ സ്കൂളിൽ അധ്യയന ജീവിതത്തിന് മീര റഹ്മാൻ തുടക്കം കുറിക്കുന്നത്. തുടർന്ന് തന്റെ നീണ്ട കരിയറിൽ സെക്കണ്ടറി, സീനിയർ സെക്കണ്ടറി അധ്യാപിക, സീനിയർ സെക് ഷനിലെ സൂപ്പർവൈസർ, ഹെഡ്മിസ്ട്രസ് മിഡിൽ സെക്ഷൻ, കൺട്രോളർ ഓഫ് എക്സാമിനേഷൻ, വൈസ് പ്രിൻസിപ്പൽ, സി.ബി.എസ്.ഇ സെൻട്രൽ ബോർഡ് പരീക്ഷാ സൂപ്രണ്ട് എന്നീ ചുമതലകൾ നിർവഹിച്ചു.
2018 ൽ വെസ്റ്റ് വിർജിനിയ യു.എസ്.എയിൽ നടന്ന വേൾഡ് സ്കൗട്ട് ജമ്പൂരിയിൽ ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഏറ്റവും നല്ല അധ്യാപികക്കുള്ള ഹിമാക്ഷര അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരന്നു കിടക്കുന്ന വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമ കൂടിയാണ് മീര റഹ്മാൻ.
 
								 
															 
															 
															 
															







