ജിദ്ദ- യു.എ.ഇയിലെ കോര്‍പറേറ്റ് ടാക്സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ സൗദിയില്‍ ശമ്പളത്തിന് പത്ത് ശതമാനം നികുതി വരുന്നുവെന്ന വാര്‍ത്ത വ്യാജ പ്രചരണമെന്ന് അധികൃതർ അറിയിച്ചു. 3000 റിയാലിനു മുകളില്‍ ശമ്പളമുള്ളവരുടെ അടിസ്ഥാന ശമ്പളത്തിനു നികുതിവരുന്നുവെന്നും ലേബര്‍ മന്ത്രാലയം ഇത് അംഗീകരിച്ചുവെന്നാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
2018 ല്‍ പ്രചരിച്ച വ്യാജ വാര്‍ത്തയാണ് യു.എ.ഇയില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന കോര്‍പറേറ്റ് ടാക്സ് വാര്‍ത്തകളുടെ പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റുപിടിച്ച് പ്രചരിക്കുന്നത്. സൗദി തൊഴില്‍ മന്ത്രാലയം, ധനമന്ത്രാലയം, കേന്ദ്ര ബാങ്കായ സാമ എന്നിവ വിദേശികളുടെ ശമ്പളത്തിന്മേല് പത്ത് ശതമാനം നികുതി ചുമത്താന്‍ തീരുമാനമെടുത്തുവെന്ന് പ്രചരിക്കുന്ന അഭ്യൂഹത്തില്‍ ബേസിക് സാലറിയുടെ പത്ത് ശതമാനം ബാങ്കുകള്‍തന്നെ പിടിക്കുമെന്നും പറയുന്നു.









