റിയാദ്- റിയാദ് നഗരത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാന്‍ ട്രക്കുകള്‍ ഓണ്‍ലൈനില്‍ സമയം ബുക്ക് ചെയ്യണമെന്ന നിബന്ധനയുമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ജനുവരി 17 മുതലാണ് ഈ വ്യവസ്ഥ നിലവില്‍ വരുന്നത്.
ട്രക്കുകളുടെ സഞ്ചാരം ക്രമീകരിക്കുക, നഗരത്തിനുളളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, നഗരത്തിലെ ഗതാഗത നിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുഗതാഗത അതോറിറ്റിയുടെ നഖല്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇലക്ട്രോണിക് സര്‍വീസ് വഴിയാണ് റിയാദ് നഗരപ്രവേശനത്തിന് സമയം ബുക്ക് ചെയ്യേണ്ടത്. റോഡ് മാര്‍ഗം ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നഗരത്തിന് പുറത്ത് ഏറെ നേരം കാത്ത് നിൽക്കേണ്ടി വരുന്നത് ഇതിലൂടെ ഒഴിവാക്കാം.
തിരക്കുള്ള സമയങ്ങളിലും അല്ലാത്തപ്പോഴും ഓണ്‍ലൈനില്‍ സമയം ലഭിക്കുന്നതനുസരിച്ച് വരിയായി ട്രക്കുകള്‍ക്ക് സഞ്ചരിക്കാവുന്നതാണ്. കമ്പനികള്‍ക്ക് പ്രവര്‍ത്തന ചെലവ് കുറക്കാനും ലോജിസ്റ്റിക് സര്‍വീസ് കുടുതല്‍ മെച്ചപ്പെടുത്താനും ഇതുവഴി സാധ്യമാകും.
								
															
															
															







