റിയാദ് – ഇസ്രായിൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗാസയിലേക്ക് സൗദി അറേബ്യ ഇരുപതു ആംബുലൻസുകൾ അയക്കുന്നു. രണ്ടു വിമാനങ്ങളിലായി ഇന്നലെ ആറു ആംബുലൻസുകൾ ഗാസയിലേക്ക് അയച്ചു. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ അയച്ച എട്ടാമത്തെയും ഒമ്പതാമത്തെയും വിമാനങ്ങളിൽ മൂന്നു ആംബുലൻസുകൾ വീതവും മറ്റു റിലീഫ് വസ്തുക്കളുമുണ്ടായിരുന്നത്. റിയാദിൽ നിന്ന് ഈജിപ്തിലെ അൽഅരീശ് എയർപോർട്ട് വഴിയാണ് സൗദി അറേബ്യ റിലീഫ് വസ്തുക്കൾ ഗാസയിലെത്തിക്കുന്നത്. ശേഷിക്കുന്ന ആംബുലൻസുകൾ വരും ദിവസങ്ങളിൽ അയക്കും.
അതേസമയം, ഒക്‌ടോബർ 21 മുതൽ നവംബർ 12 വരെയുള്ള കാലത്ത് ഈജിപ്ത്, ഗാസ അതിർത്തിയിലെ റഫ ക്രോസിംഗ് വഴി റിലീഫ് വസ്തുക്കൾ വഹിച്ച 1,096 ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചതായി യു.എൻ ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സിനു കീഴിലെ മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്ക റീജ്യനൽ ഓഫീസ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾക്ക് 365 ട്രക്കുകളും ആരോഗ്യ വസ്തുക്കളുമായി 185 ട്രക്കുകളും ബഹുമുഖ മേഖലകൾക്കുള്ള വസ്തുക്കളുമായി 135 ട്രക്കുകളും ജല, മലിനജല, ശുചീകരണ മേഖലക്ക് ആവശ്യമായ വസ്തുക്കളുമായി 132 ട്രക്കുകളും തമ്പുകളും മറ്റുമായി 108 ട്രക്കുകളുമാണ് ഗാസയിൽ പ്രവേശിച്ചത്. 20 രാജ്യങ്ങളും യു.എന്നിനു കീഴിലെ ഏഴു സംഘടനകളും റെഡ് ക്രോസ് അടക്കം നാലു മാനുഷിക സംഘടനകളുമാണ് ഈ സഹായങ്ങൾ നൽകിയത്.
ഒക്‌ടോബർ 21 മുതൽ 2,100 ട്രക്കുകൾ ഗാസയിൽ പ്രവേശിപ്പിക്കേണ്ടതായിരുന്നു. എന്നാൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കാരണം ഇത്രയും ട്രക്കുകൾ ഗാസയിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. ഭക്ഷ്യവസ്തുക്കൾ വഹിച്ച 106 ട്രക്കുകൾ നവംബർ എട്ടിന് ഗാസയിൽ പ്രവേശിച്ചു. എന്നാൽ ഒക്‌ടോബർ 24, 28 തീയതികളിൽ ട്രക്കുകളൊന്നും ഗാസയിൽ പ്രവേശിച്ചില്ല. യു.എൻ ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് 516 ഉം യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് 119 ഉം ലോക രാജ്യങ്ങൾ 100 ഉം വേൾഡ് ഫുഡ് പ്രോഗ്രാം 75 ഉം യൂനിസെഫ് 67 ഉം റെഡ് ക്രോസ് 24 ഉം ലോകാരോഗ്യ സംഘടന 16 ഉം ട്രക്കുകൾ ദുരിതാശ്വാസ വസ്തുക്കളുമായി ഗാസയിലേക്ക് അയച്ചു. ഇന്ധനത്തിനും വെള്ളത്തിനും മൈദക്കും ക്ഷാമം നേരിടുന്നതിന്റെയും യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ചതിന്റെയും ഫലമായി നവംബർ ഏഴു മുതൽ ഗാസയിലെ മുഴുവൻ ബേക്കറികളുടെയും പ്രവർത്തനം നിലച്ചതായി യു.എൻ ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് പറഞ്ഞു. ഇന്ധന ക്ഷാമം മൂലം ദക്ഷിണ ഗാസയിൽ രണ്ടു ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം നവംബർ 13 ന് നിലച്ചതായി യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസും അറിയിച്ചു.