2023 നകം സൗദിയിൽ നിന്നു പാസഞ്ചർ കാറുകൾ പുറത്തിറങ്ങും. രാജ്യത്തെ ആദ്യത്തെ പാസഞ്ചർ കാർ നിർമാണ പ്ലാന്റിനു കഴിഞ്ഞ ദിവസം ജുബൈൽ റോയൽ കമ്മീഷൻ സിഇഒ ഡോ: അഹമ്മദ് അൽ ഹുസൈൻ തറക്കല്ലിട്ടു. വ്യാവസായിക നഗരിയായ ജുബൈലിലാണു പ്ലാന്റ്.
2023 ഓടെ ഇവിടെ നിന്നും ആദ്യ കാർ നിർമ്മാണം പൂർത്തിയായി പുറത്തിറക്കാനാണ് പദ്ധതി. വിഷൻ 2030 ന്റെ ഭാഗമായി വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണു കാർ നിർമ്മാണ ഫാക്ടറി ഉയരുന്നത്.
കൊറിയൻ കമ്പനിയായ സാങ്യോങ്ങുമായി ചേർന്നാണ് കാർ നിർമ്മിക്കുന്നത്. ഏഴു യാത്രക്കാരെ ഉൾകൊള്ളുന്ന ഫാമിലി കാറുകൾ , ടാങ്കുകൾ ഉൾകൊള്ളുന്ന രണ്ടു ക്യാബുകൾ ഉള്ള ട്രക്കുകൾ എന്നിങ്ങനെ രണ്ടു തരം വാഹനങ്ങളാണു നിർമ്മിക്കുക.
ആദ്യ ഘട്ടത്തിൽ പ്രാദേശിക വസ്തുക്കൾ 10 ശതമാനവും പിന്നീടു ഘട്ടം ഘട്ടമായി 30 ശതമാനവും ആക്കി ഉയർത്തും. കൊറിയൻ കമ്പനിയായ സാങ്യോങ്ങുമായുള്ള പങ്കാളിത്തത്തിൽ വരുന്ന നിർമ്മാണ കമ്പനിയുടെ രണ്ടാം ഘട്ടത്തിൽ പ്രാദേശികമായി 50 ശതമാനം കവിയുന്നതോടെ സൗദി ബ്രാൻഡ് എന്ന നിലയിൽ ആയിരിക്കും കാറുകൾ പുറത്തിറങ്ങുക.