ജിദ്ദ – ജിദ്ദ നഗരത്തിനു സമീപം ആളൊഴിഞ്ഞ മേഖലയിൽ സൗദി പൗരൻ വെടിയേറ്റ് മരിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
സൗദി യുവാവ് മുഹമ്മദ് ബിൻ റാജിഹ് അൽസുബൈഇ ആണ് കൊല്ലപ്പെട്ടതെന്നും എത്യോപ്യക്കാരായ രണ്ടു യുവാക്കളാണ് കൊലപാതകം നടത്തിയതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ സ്വദേശികൾ അറിയിച്ചു. കൃത്യത്തിനു ശേഷം തായിഫിലേക്ക് രക്ഷപ്പെട്ട പ്രതികൾ ജിസാൻ വഴി സൗദിയിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ സ്വദേശികൾ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് കുടുംബം ഒരു ലക്ഷം റിയാൽ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഘാതകരായ എത്യോപ്യക്കാരുടെ ഫോട്ടോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.







