റിയാദ്: ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കണമെന്ന് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് വേനൽചൂട് കനത്തതോടെയാണ് നടപടി. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് സൗദി ദേശീയ തൊഴിൽമേഖല ആരോഗ്യ സമിതി നൽകിയിരിക്കുന്ന നിർദ്ദേശം.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിലടക്കമുള്ള തുറസ്സായ സ്ഥലങ്ങളിൽ ഉച്ചക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയം തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്നുള്ള നിർദ്ദേശമാണ് കർശനമാക്കിയിരിക്കുന്നത്. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികൾക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ കമ്പനികളും സ്ഥാപനങ്ങളും ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. കനത്ത ചൂടിൽ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമുണ്ടാകാതിരിക്കാനും, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്.
സൗദിയിൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.