റിയാദ്: സീബ്ര ക്രോസിങ്ങുകളിലും റോഡ് മുറിച്ചുകടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. സൗദി ഗതാഗത ഡയറക്ടറേറ്റ് ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രാജ്യത്ത് കാൽനട യാത്രക്കാർക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ളതും റോഡ് മുറിച്ച് കടക്കാൻ അനുമതിയുള്ളതുമായ സ്ഥലങ്ങളിൽ കാൽനട യാത്രക്കാരെ പരിഗണിക്കാതെ വാഹനമോടിക്കുന്നത് ഗതാഗത ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അത്തരത്തിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. റോഡ് മറികടക്കുന്നതിന് പ്രത്യേകം അടയാളപ്പെടുത്തിയ പാതകളിലെ സ്ഥലങ്ങളിൽ കാൽനട യാത്രക്കാർ മുറിച്ചുകടക്കുന്നുണ്ടെങ്കിൽ, ആദ്യ മുൻഗണന അവർക്ക് നൽകേണ്ടതാണ്. സൗദിയിൽ എല്ലാവർക്കും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് പുതിയ അറിയിപ്പ്.