ഡിജിറ്റൽ വിവരങ്ങൾക്കായി ക്യുആർ കോഡ്; ജനന, മരണ സർട്ടിഫിക്കറ്റുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി സൗദി അറേബ്യ
റിയാദ്: ജനന, മരണ സർട്ടിഫിക്കറ്റുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി സൗദി അറേബ്യ. ഡിജിറ്റൽ വിവരങ്ങൾ അടങ്ങുന്ന ക്യു ആർ കോഡ് ഉൾപ്പെടുത്തിയാണ് പുതിയ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. അറബിക് ഭാഷക്ക് പുറമെ ഇംഗ്ലീഷിലും വിവരങ്ങൾ ലഭിക്കുമെന്നതാണ് പുതിയ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ സ്റ്റാറ്റസ് ഏജൻസിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.
വ്യക്തിഗത പ്ലാറ്റ്‌ഫോമായ അബ്ഷിർ സിസ്റ്റം വഴി ഇവ പരിശോധിക്കാനും പ്രിന്റ് ചെയ്യാനും അനുമതി നൽകും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉയർന്ന നിലവാരത്തിലുള്ള അച്ചടി സുരക്ഷയും ഉൾപ്പെടുന്നു. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ വിശദമാക്കി. ഗുണഭോക്താക്കൽക്ക് സ്മാർട്ട് ഡിജിറ്റൽ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് നീക്കം.