റിയാദ്: നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ച ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസിയ്ക്ക് ഒന്നര വർഷത്തിനിടെ ലഭിച്ചത് 40,163 അപേക്ഷകൾ. 2024 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കണക്കൾ പരിശോധിക്കുമ്പോഴാണ് ഇത്രയധികം അപേക്ഷകൾ ലഭിച്ചത്. കഴിഞ്ഞ വർഷമാണ് സൗദി അറേബ്യ ദീർഘകാല താമസ പദ്ധതി പ്രഖ്യാപിച്ചത്. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.
സൗദി ഗ്രീൻ കാർഡ് പദ്ധതിയിലൂടെ വിദഗ്ധ ഡോക്ടർമാരെയും പ്രാക്ടീഷണർമാരെയും മറ്റു വിഭാഗങ്ങളിലെ വിദഗ്ധർ, സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ തുടങ്ങിയവരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സ്പെഷൽ ടാലന്റ് റസിഡൻസി വിഭാഗത്തിൽ വരുന്നവർക്ക് സൗദിയിൽ വിസ രഹിത താമസത്തിന് അർഹതയുണ്ട്. ഇവർക്ക് മാതാപിതാക്കൾ, ജീവിത പങ്കാളികൾ, 25 വയസ്സിന് താഴെയുള്ളവർ തുടങ്ങിയവരെ നേരിട്ട് സ്പോൺസർ ചെയ്യാനും കഴിയും. സൗദിയിൽ വസ്തു വാങ്ങാനും വ്യവസായം നടത്താനും ബന്ധുക്കൾക്ക് സന്ദർശന വിസ സ്പോൺസർ ചെയ്യാനും സാധിക്കും. കൂടാതെ സൗദി, ജിസിസി പൗരന്മാർക്കായി നിശ്ചയിച്ചിട്ടുള്ള എയർപോർട്ട് ഇമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കാം.
8074 പേർക്ക് പ്രീമിയം റസിഡൻസി പെർമിറ്റ് അനുവദിച്ചിരുന്നുവെന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.