റിയാദ്: 95-ാമത് ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ. രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷങ്ങളൊരുക്കിയാണ് സർക്കാർ സൗദി ദേശീയ ദിനത്തെ വരവേൽക്കുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യം ഇന്ന് അലങ്കാരശോഭയിലാണ്. സൗദി അറേബ്യയെ ഒരു കൊടിക്കീഴിൽ ഏകീകരിച്ചതിന്റെയും രാജ്യത്തിന്റെ വികസനത്തിന്റെയും നവോത്ഥാനത്തിന്റെയും യാത്രയ്ക്ക് തുടക്കമിട്ടതിന്റെയും ഓർമപ്പെടുത്തലാണ് ദേശീയ ദിനം.
സൗദിയുടെ എല്ലാ പ്രവിശ്യകളിലും ആഘോഷപരിപാടികൾ അരങ്ങേറും. സൗദിയിലെ 14 നഗരങ്ങളിൽ രാത്രി 9 മണിയ്ക്ക് ഒരേ സമയം വെടിക്കെട്ട് ആരംഭിക്കും. റിയാദിൽ ബൻബാൻ പ്രദേശത്ത് വെടിക്കെട്ട് നടക്കും. ദമാമിലെ കടൽത്തീരത്താണ് കരിമരുന്ന് പ്രയോഗം നടക്കുക. ജിദ്ദയിൽ, ജിദ്ദ ആർട്ട് പ്രമെനേഡിലും യാച്ച് ക്ലബ്ബിലും വെടിക്കെട്ട് ഏഴ് മിനിറ്റ് നീണ്ടുനിൽക്കും. മദീനയിൽ കിങ് ഫഹദ് സെൻട്രൽ പാർക്കിലും ഹായിലിൽ അൽസലാം പാർക്കിലും വെടിക്കെട്ട് ഉണ്ടാകും. അറാറിൽ പബ്ലിക് പാർക്ക്, സകാക്കയിൽ പ്രിൻസ് അബ്ദുൽഇലാഹ് കൾച്ചറൽ സെന്റർ, അബഹയിൽ അൽമത്ൽ പാർക്ക്, സെലിബ്രേഷൻ സ്ക്വയർ, അൽബാഹയിൽ പ്രിൻസ് ഹുസാം പാർക്ക്, തബൂക്കിൽ സെൻട്രൽ പാർക്ക്, ബുറൈദയിൽ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, ജിസാനിൽ നോർത്തേൺ കോർണിഷ്, തായിഫിൽ അൽറുദഫ് പാർക്ക് എന്നിവിടങ്ങളിലും വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുന്നതാണ്. സെപ്തംബർ 24ന് വൈകുന്നേരം നജ്റാനിൽ കിങ് സൗദ് പാർക്കിലും കരിമരുന്ന് പ്രയോഗം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ദേശീയ ദിനാഘോഷങ്ങൾ അതിരുവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ പതാകയെ അപമാനിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 3,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആഘോഷത്തിന്റെ മറവിൽ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കരുത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ അഞ്ചു ലക്ഷം റിയാൽ വരെ പിഴയോ ശിക്ഷ ലഭിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിക്കൽ, അധിക്ഷേപകരമായ വാക്കുകൾ അടങ്ങിയ വസ്ത്രം ധരിക്കൽ പോലുള്ള പൊതു മര്യാദാ നിയമ ലംഘനങ്ങൾക്ക് 5,000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ് എന്നതാണ് ഇത്തവണത്തെ ദേശീയ ദിനത്തിന്റെ അടയാളവാക്യം. രാജ്യത്തിന്റെ ഉദാരത, അഭിലാഷം, ആധികാരികത, ദയ എന്നിവയെ പ്രതീകപ്പെടുത്തുന്ന വിധത്തിലാണ് ദേശീയ ദിന അടയാളത്തിന് രൂപം നൽകിയിരിക്കുന്നത്.